കോൽക്കത്ത: ബംഗാളിൽ വോട്ടർപട്ടികയിൽ പുതുതായി ഏഴു ലക്ഷത്തോളം അജ്ഞാത വോട്ടർമാർ. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമപ്പെടുത്തിയ വോട്ടർപട്ടികയിലാണ് പേരും ലിംഗവും വെളിപ്പെടുത്താത്ത വോട്ടർമാരുള്ളത്. ഈ വിവരങ്ങൾ വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തയാറായിട്ടില്ല. പുതിയ വോട്ടർമാരിൽ 3.22 ലക്ഷം പേർ ആദ്യഘട്ടത്തിൽ വോട്ട് ചെയ്യും.
രണ്ടാം ഘട്ടത്തിൽ 3.88 ലക്ഷം പുതിയ വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തും. പുതിയ വോട്ടർമാരിൽ എത്ര പേർ 18 വയസ് തികഞ്ഞ ആദ്യ വോട്ടർമാരാണെന്നു കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഈ വോട്ടർമാരുടെ ലിംഗഭേദവും നൽകിയിട്ടില്ല.
ഫോം-6 അപേക്ഷകളിൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചെന്നോ അവയിൽ എത്ര എണ്ണം നിരസിക്കപ്പെട്ടെന്നോ കമ്മീഷൻ വെളിപ്പെടുത്തിയിട്ടില്ല. മാനദണ്ഡങ്ങൾക്കനുസൃതമായാണ് കണക്കുകൾ പുറത്തുവിട്ടത്. വിശദമായ ഡാറ്റ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പിന്നീട് പങ്കിടാം- തെഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.